Wednesday, July 22, 2009

അഹം : തരികിടാസ്മി

എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരെ ഞാന്‍ ഇവിടെ ഒരു കഥ പറയാന്‍ പോകുന്നു. ഇതു മറ്റാരുടെയും കഥയല്ല, ഈ എന്‍റെ സ്വന്തം കഥ. പണ്ടു പണ്ട്, എന്ന് വച്ചാല്‍ വളരെ പണ്ട് അങ്ങ് വയനാടന്‍ മെട്രോ പോളിട്ടന്‍ സിറ്റിയില്‍ നടന്ന കഥ. അതെ അവിടെ ഈ ഞാനും പിന്നെ എന്‍റെ കുടുമ്പവും വളരെ സന്തോഷപൂര്‍വ്വം ജീവിച്ചു വരികയായിരുന്നു. അതാണ്‌ ജീവിതം. അന്ന്‍ എനിക്ക് ഏതാണ്ട് മൂന്നു നാല് വയസു കാണും. കിട്ടുന്ന തല്ലിന് യാതൊരു പഞ്ഞവുമില്ലാതിരുന്ന കാലം. അന്ന് ഞങ്ങളുടെ നാട്ടില്‍ LKG യും UKG യും ഒന്നും ഇല്ലാത്തതിനാല്‍ ഞാന്‍ മുഴുവന്‍ സമയവും ഫ്രീ ആയിരുന്നു. ആ കാലത്തു നടന്ന ഒരു ചെറിയ, കഥ. മനസോദ്യാനത്തിലെ ഓര്‍മപ്പൂവില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരിതള്‍.

ഞാന്‍ അന്നൊക്കെ വൈക്കോല്‍ കൂമ്പാരത്തിലൂടെ ഉരുണ്ടു പിരണ്ടു കളിക്കുമ്പോള്‍ എന്‍റെ മാതാശ്രീ പറയും " അറിയാത്ത പിള്ള ചൊറിയുമ്പോ അറിയും". അങ്ങനെ അറിയാന്‍ പറ്റുമോ ? അതറിയാന്‍ വേണ്ടി ഞാന്‍ പിന്നെയും ഉരുളും. എവിടെ, എന്നിട്ട് ഞാന്‍ പഠിച്ചോ ? ഇല്ല, പഴം ചൊല്ലുപോലും തെറ്റി - ഈ എന്‍റെ കാര്യത്തില്‍. അങ്ങനെയിരിക്കെ എന്‍റെ മാതാവിന്‍റെ ഇളയ സഹോദരന്‍റെ കല്യാണം വന്നു. അങ്ങ് കാസര്‍ഗോഡ്‌ നിന്നാണ് പെണ്ണ്. (ഞങ്ങള്‍ മെട്രോപോളിറ്റന്‍ സിറ്റിക്കാര്‍ മെട്രോപോളിറ്റന്‍ സിറ്റിയില്‍ നിന്നു മാത്രമെ പെണ്ണ് കെട്ടാറുള്ളു). ആദ്യം ഒത്തു കല്യാണം(enagament) ആണ് പെണ്ണിന്‍റെ വീട്ടില്‍ വച്ച് . എന്‍റെ മാതാപിതാക്കള്‍ ചേര്‍ന്ന്‌ എന്നെ ഒത്തു കല്യാണത്തിന് കൊണ്ടു പോകുന്നില്ല എന്ന സംയുക്ത തീരുമാനം എന്നെ അറിയിച്ചു. വേണ്ട കൊണ്ടു പോകണ്ട. ഞാനും തീരുമാനിച്ചു. തലേ ദിവസം തന്നെ എല്ലാവരും തറവാട്ടില്‍ ഒത്തു കൂടി. അതിരാവിലെ തന്നെ പുറപ്പെട്ടലെ സമയത്തിനു എത്താനാകൂ. ആകെ പാടെ ഒരു പള്ളി പെരുന്നാളിന്റെ പ്രതീതി. എല്ലാവരും പോയികഴിഞ്ഞാല്‍ വീടു നോക്കണ്ടത് ഞാനും ജിജി ചേട്ടായിയും ആണ്. അത് ഇടക്കിടെ പലരും എന്നെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. കല്യാണത്തിന് വരാന്‍ ഞാന്‍ വാശി പിടിച്ച് കരയുന്നത് ഒഴിവാക്കാന്‍ വേണ്ടി അവര്‍ ഇത്തരം ഒരു പാട കുടില തന്ത്രങ്ങള്‍ പ്രയോഗിച്ചു കാണണം. കൃത്യമായി ഓര്‍മ കിട്ടുന്നില്ല. ഏതായാലും വീടു നോക്കുക എന്ന ഭാരിച്ച ജോലി എന്നെ എല്പ്പിച്ചതിനാല്‍ ഞാന്‍ വളരെയധികം സന്തുഷ്ടനായിരുന്നു. അങ്ങനെ അങ്ങനെ ആ രാത്രി എപ്പോഴോ ഞാന്‍ ഉറങ്ങി പോയി.

രാത്രിയുടെ അന്ത്യ യാമങ്ങളിലെപ്പോഴോ പാതിരാകൊഴി കൂകി. ഞാന്‍ ഞെട്ടി പിടഞ്ഞെണീറ്റു . ആകെ ബഹളം എല്ലാവരും നല്ല പുത്തന്‍ കുപ്പായങ്ങളിടുന്നു. അങ്ങോട്ടോടുന്നു. ഇങ്ങോട്ടോടുന്നു. ആകെ ബഹളം. ഞാന്‍ പതുക്കെ എഴുന്നേറ്റു. പുറത്ത് പുതിയ ഒരു മിനി ബസ്‌ . എല്ലാവരും അതിലാണ് പോകുന്നത്. ഞാന്‍ അത്ഭുതത്തോടെ ആ ബസ്സിലേക്ക്‌ ഉറ്റു നോക്കി . അന്ന് വരെ KSRTC ബസ്സുകള്‍ മാത്രം കണ്ടിട്ടുള്ള ഞാന്‍ ആ ബസ്സിനെ ഇമ വെട്ടാതെ നോക്കി നിന്നു. പച്ചയും ചുവപ്പും മഞ്ഞയും നീലയും നിറമുള്ള ബള്‍ബുകള്‍ മാറി മാറി കത്തുന്നു. എന്‍റെ കുഞ്ഞു മനസ്സ്‌ ചിന്തകളാല്‍ കലുഷിതമായി. എനിക്കും പോകണം. പക്ഷെ ഇനി വാശി പിടിചിട്ടെന്തു ഫലം ? ഞാന്‍ ദുഖാര്ര്‍ത്താനായി. ആരോടു ഞാന്‍ പറയും എന്നെ കൂടി കൊണ്ടു പോകാന്‍ ? ഇല്ല ആരും എന്നെ കൊണ്ടു പോകില്ല. ആ സത്യം എനിക്ക് മനസ്സിലായതിനാല്‍ ഞാന്‍ ആരോടും പറഞ്ഞില്ല. എല്ലാവരും വണ്ടിയില്‍ കയറി. വാതിലുകള്‍ അടഞ്ഞു. യാത്ര തുടങ്ങി. ശുഭ യാത്ര........

കിലോമീറ്ററുകള്‍ ഒരുപാടു പോയി കാണണം. ഉറക്കം തീരാത്ത പലരും വിണ്ടും ഉറക്കം പിടിച്ചു. അപ്പോളതാ പുറകിലെ സീറ്റിനടിയില്‍ നിന്നും ഒരു സാധനം നൂണ്ടിറങ്ങി വരുന്നു. മറ്റാരും അല്ല സാക്ഷാല്‍ ഞാന്‍ തന്നെ !!!! എല്ലാവരും ഞെട്ടി. കാരണവന്മാരും കുട്ടികളും സ്ത്രീ ജനങ്ങളും , എലാവരും ഞെട്ടി. അവരുടെ മുന്‍പില്‍ ഇളിച്ചു കൊണ്ടു ഞാന്‍ നിന്നു. എന്താ എനിക്കൊരു കുഴപ്പം. ഞാനും കൂടി വന്നാല്‍ ആകാശം ഇടിഞ്ഞുവീഴുകയൊന്നും ഇല്ലല്ലൊ... ഞാന്‍ ഞെളിഞ്ഞു നിന്നു, എന്‍റെ കാല്‍ മുതല്‍ തല വരെ തലേ ദിവസം ചെളിയില്‍ ഉരുണ്ടതിന്റെ തിരു ശേഷിപ്പുകള്‍ ഉണ്ടായിരുന്നു. പിന്നെ ഷര്‍ട്ട് അത് ഒരാഴ്ച മുന്‍പ് അലക്കിയതായതിനാല്‍ വലിയ കുഴപ്പമൊന്നും ഇല്ല. ഇട്ടിരുന്ന ട്രൌസറിന്റെ പുറകില്‍ ചെറിയ ഒരു ഓട്ട. അതൊക്കെ ഇത്ര കാര്യമാക്കനെന്തിരിക്കുന്നു ? എന്‍റെ കല്യാണമൊന്നും അല്ലല്ലോ. അപ്പോള്‍ ഇതോക്കെ മതി. അങ്ങനെ ഞാനും ആ കൂട്ടത്തില്‍ ഒരാളായി.

പിന്നെ വഴിക്കിടയില്‍ എവിടെയോ വച്ചു വണ്ടി നിന്നു. ആരൊക്കെയോ എന്നെ ഒരു പുഴയില്‍ ഇറക്കി എന്നെ കുളിപ്പിച്ചു. അതും പരിപൂര്‍ണ നഗ്നനാക്കി. നാട്ടുകാരായ നാട്ടുകാരെല്ലാം എന്നെ കണ്ടു. ആ കാഴ്ച കണ്ടു തെരുവോരത്തെ സ്ട്രീറ്റ് ലൈറ്റുകള്‍ പോലും കണ്ണടച്ചിട്ടുണ്ടാകും. പിന്നെ ഏതോ കടയില്‍ നിന്നു വാങ്ങിയ പുത്തനുടുപ്പും
ട്രൌസറും ! ഗംഭീരം..... ഏതായാലും ഞാന്‍ വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ കസറി... അങ്ങനെ പുതിയ ഉടുപ്പും ഇട്ടു കല്യാണവും കൂടി ഞാന്‍ തിരികെ പോന്നു. എല്ലാം ശുഭം.........

കുറിപ്പ്‌ : തൊണ്ണൂറുകളുടെ ആരംഭത്തില്‍ നടന്ന ഈ കഥ നാലു പേര്‍ കൂടുന്ന എല്ലാ സദസുകളിലും എടുത്തിട്ട് എന്റെ മാനം കളഞ്ഞിട്ടുള്ള എന്റെ എല്ലാ ബന്ധുക്കള്‍ക്കും ഞാനീ ബ്ളോഗ് സമര്‍പ്പിക്കുന്നു.