Monday, September 26, 2011

ഹിന്ദിമാഹാത്മ്യം

ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിലും മറ്റ് പല നിലകളിലും ഒരാള്‍ക്ക് ഹിന്ദി അറിയില്ല എന്ന് പറയുന്നത് വല്ലാത്ത പോരായ്മയാണ്. എന്ത് ചെയ്യാം ! അക്കൂട്ടത്തിൽ പെട്ട ഒരുത്തനാണ് ഞാന്‍. പക്ഷെ അതിന്റെ അഹങ്കാരം ഒട്ടില്ല താനും.

ഒരു ഓഫിസ് കാര്യത്തിനു ഹൈദരാബാദ് വന്നപ്പോളാണ് ഹിന്ദിയുടെ മാഹാത്മ്യം ഞാന്‍ ശരിക്കും മനസ്സിലാക്കുന്നത്. വളരെ കുറച്ചു ഹിന്ദി വാക്കുകള്‍ മാത്രമാണ് എന്റെ കൈ വശം ഉള്ളത്. സാലെ , കുത്തേ, കമിനെ മുതലായവയാണ് അവ. പിന്നെ അത്യാവശ്യം ചില വാചകങ്ങളും - ഹിന്ദി മേം ബാദ് കര്‍ണാ ബഹൂത് മുശ്കില്‍ ഹേ, മുജെ ഹിന്ദി മാലൂം നഹീ, അങ്ങനെ അങ്ങനെ... പിന്നെ പത്ത് വരെ എണ്ണാനും അറിയാം.

ഹൈദരാബാദ് എത്തി ഹോട്ടലില്‍ മുറി എടുക്കുന്നത് വരെ ഹിന്ദിയുടെ ഉപദ്രവം കാര്യമായി ഉണ്ടായില്ല, വരുന്ന വഴി ടാക്സി ഡ്രൈവര്‍ ഹൈദരാബാദിന്റെ ചരിത്രവും ഭൂമി ശാസ്ത്രവും ഹിന്ദിയില്‍ വിവരിച്ചു തന്നതൊഴിച്ചാല്‍. വൈകുന്നേരം ഊര് ചുറ്റാന്‍ വേണ്ടി ഞാന്‍ ഒന്നു പുറത്തേക്കിറങ്ങി. നല്ല ദാഹം! നോക്കിയപ്പോള്‍ ഒരു ജൂസ് കട. നേരെ അങ്ങ് കേറി.


"ഏക്‌ മുസംബി ജൂസ്"
കടക്കാരന്‍ ജൂസ് എടുത്തു നീട്ടി. അതു വാങ്ങി കുടിച്ചു കഴിഞ്ഞു ഞാന്‍ അയാളുടെ മുഖത്തേക്ക് നോക്കി.
“പന്ത്രഹ്" അയാള്‍ പറഞ്ഞു.

പന്ത്രഹ് ! ദൈവമേ പന്ത്രഹ് എന്ന് വെച്ചാല്‍ എത്രയാ? എനിക്ക് അറിയവുന്നതായിരുന്നല്ലോ? ശ്ശേ... പണ്ടാരമടങ്ങാന്‍ എത്ര ആലോചിച്ചിട്ടും ഓര്‍മ വരുന്നില്ല.

ഏക് മുസംബി ജൂസ് എന്നു പറയണ്ടായിരുന്നു. വൺ മുസംബി ജൂസ് എന്നു പറഞ്ഞാൽ മതിയാരുന്നു. നാശം! ഇനി അയാളോട് തന്നെ ചോദിക്കുകയേ രക്ഷയുള്ളു.

“പന്ത്രഹ് കിത്തനാ ഹെ?”

ഞാൻ അയാളുടെ തന്തക്കു വിളിച്ചു എന്ന ഭാവത്തിൽ അയാൾ എന്നെ ഒന്നു നോക്കി.

ദൈവമേ ചോദിച്ചതു തെറ്റിയോ? പന്ത്രഹിന്റെ ലിങ്കം മാറിപ്പോയതാണോ പ്രശ്നം? മാറ്റി ചോദിക്കാം.

“പന്ത്രഹ് കിത്തനീ ഹെ?”

അയാൾ ഒന്നും മിണ്ടുന്നില്ല. ചുമ്മാ എന്നെ ഇങ്ങനെ തുറിച്ചു നോക്കുക മാത്രം ചെയ്യുന്നു.

ഇനിയിപ്പോ എന്താ ചെയ്യുക? ഞാൻ മനസിൽ കണക്കു കൂട്ടി. മുസംബി ജൂസിനു ഏകദേശം 20 രൂപാ വരുമായിരിക്കും.

“ട്വന്റീ റുപ്പീസ്?” ഞാൻ ചോദിച്ചു.

അപ്പോ പുള്ളിക്ക് കാര്യം പിടികിട്ടി.

“ഫിഫ്റ്റീൻ റുപ്പീസ്” അയാൾ പറഞ്ഞു.

അയ്യേ! പതിനഞ്ചാരുന്നാ? ഇതെനിക്കറിയവുന്നതായിരുന്നല്ലോ? ശ്ശെ നാണക്കേടായി പോയി.
സാരമില്ല. പോട്ടെ. ഞാൻ കൊടുത്ത ഇരുപതു രൂപാ വാങ്ങി അഞ്ച് രൂപാ ബാക്കി തരുമ്പോൾ ലോകോത്തര പുച്ഛം ഞാനയാളുടെ മുഖത്തു കണ്ടു.

അപ്പോൾപണ്ട് ഹിന്ദി ടീച്ചർ ചോദ്യം ചോദിക്കുന്നതിന്റെ ഭാഗമായി എന്റെ അടുത്ത് വന്നത് ഞാൻ ഓർത്തു.

“ഖരം എന്നതിന്റെ വിപരീത പദം പറയൂ അനീഷ്“

“ദ്രാവകം....!! ആണൊ?.... അല്ലേ?..... ”

“ഗെറ്റ് ഔട്ട്.......”


പിന്നീടൊരിക്കൽ ഹിന്ദി പരീക്ഷയുടെ പേപ്പർ വിതരണം ചെയ്ത സംഭവവും ഞാൻ ഓർത്തു.
ടീച്ചർ ഓരോരുത്തരുടെയായി പേരു വിളിക്കുകയാണ്. കുറച്ച് പേരുടെ പേപ്പറുകൾ കെടുത്ത് ശേഷം ടീച്ചർ അടുത്തയാളുടെ പേരു വിളിച്ചു.
“ഉനീഷ്...”
ക്ലാസ് ആകെ നിശബ്ദമായി. ഇതാരാ പുതിയ കുട്ടി? എല്ലവരും മുഖത്തോട് മുഖം നോക്കി. എവിടെയോ നോക്കിയിരിക്കുകയായിരുന്ന എന്റെ മുൻപിൽ വന്ന് ടീച്ചർ പേപ്പർ ഡെസ്കിലേക്ക് ഒരേറ് എറിഞ്ഞു. “അ” ഹിന്ദിയിൽ എഴുതിയപ്പോൾ രണ്ട് ചെറിയ വര വിട്ടു പോയതിനാണ്!! അത് ടീച്ചർക്കങ്ങ് ഇട്ടാൽ പോരെ?.

പാവം ഹിന്ദി ടീച്ചർ, ഞാൻ ഒരുപാട് കഷ്ടപ്പെടുത്തി. ഇപ്പോൾ ഓർക്കുമ്പോൾ വല്ലാത്ത കുറ്റബോധം.. എല്ലാത്തിനും മാപ്പു ടീച്ചർ, മാപ്പ്!

രാത്രി റൂമിൽ വന്ന് സമസ്താപരാധങ്ങൾക്കും പ്രാശ്ചിത്തമായി മുന്നാ ഭായി MBBS സബ്ടൈറ്റിൽ ഇട്ടു കണ്ട് സുഖമായി കിടന്നുറങ്ങി.

പിറ്റേ ദിവസം ജി. ഇ. എന്ന കമ്പനി സന്ദർശിക്കാൻ ഞാൻ ഒരുങ്ങി കെട്ടിയിറങ്ങി. ഓട്ടോയിൽ കയറി ഞാൻ ഡ്രൈവറോഡു പറഞ്ഞു. “ഹൈ ടെക്ക് സിറ്റി, സൈബർ പേൾ ബിൽഡിങ്ങ്”. ഒരു വാക്കു പോലും ഹിന്ദിയിൽ ഉച്ചരിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. ഇനി അയാൾ ഹിന്ദി പറഞ്ഞാലും വേണ്ടില്ല, ഞാൻ താമസിക്കുന്ന ഹോട്ടലിൽ നിന്ന് ഹൈടെക് സിറ്റി വരെ 40 രൂപയേ ഉള്ളുവെന്നും, അതിനു ചാലീസ് എന്നാണു പറയുന്നത് എന്നും ഞാൻ എന്റെ സുഹൃത്തിനോടു ചോദിച്ചു മനസ്സില്ലാക്കി വെച്ചിട്ടുണ്ടായിരുന്നു.
സ്ഥലത്തെത്തിയപ്പോൾ ഓട്ടോ ഡ്രൈവർ എന്നോട് പറഞ്ഞു
“തീസ്”
അതു കൊള്ളാം.. നയാ പൈസ ഞാൻ കൂടുതൽ തരില്ല.
“ചാലീസ് ഒൺലി” ഞാൻ വിട്ടുകൊടുത്തില്ല.
“തീസ് സാർ” അയാൾ വീണ്ടും പറഞ്ഞു.
“ചാലീസ് വേണെങ്കിൽ എടുത്തോണ്ട് പോടോ.” മലയാളം അറിയാത്ത കണ്ട്രി ഫെല്ലോ. ഞാൻ 40 രൂപാ അയാൾക്ക് കൊടുത്ത് തിരിഞ്ഞു നോക്കാതെ സ്ഥലം വിട്ടു.


(ഒടുവിലത്തെ സംഭവം ഒഴിച്ച് ബാക്കിയെല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചതാണ്. ഒടുവിലത്തേത് എന്റെ കൂട്ടുകാരൻ പറഞ്ഞ കഥയും. അതിന് സുഹൃത്തായ അതുൽജിത്തിനോടുള്ള കടപ്പാട് ഞാൻ രേഖപ്പെടുത്തുന്നു.)

Friday, August 26, 2011

ഷാനുവും നീനുവും പിന്നെ ബുജിയും

എന്‍‌ജിനിയറിങ്ങ് കോളേജിലെ അവസാന വര്‍ഷം...
നായകന്‍, നായിക, ബാച്ചിലെ കണ്ണട വെച്ച ബുജി പിന്നെ ക്ലാസിലെ ഇമ്പോര്‍ട്ടന്റ് അല്ലാത്ത മറ്റ് അലവലാതികള്‍ മുതലായവര്‍ മൂന്നാറിലേക്ക് ടൂറു പോയതിനു ശേഷം തിരിച്ചു വരികയാണ്.

കഥ തുടങ്ങുന്നതിനു മുന്‍പ് മേല്പറഞ്ഞ ബുജിയെ ഒന്നു പരിചയപ്പെടുത്താം. കോളേജിലെ അധ്യാപരുടെ പേടി സ്വപ്നമായിരുന്നു അവന്‍. അത് മറ്റൊന്നും കൊണ്ടല്ല, അവന്‍ ചോദിക്കുന്ന സംശയങ്ങള്‍ അത്രക്ക് ഭയങ്കരമായിരുന്നു. പക്ഷേ തീര്‍ത്തും നിഷ്കളങ്കനും ശുദ്ധനുമായ ഒരു പാവമായിരുന്നു അവന്‍.

ഇനി കഥയിലേക്ക് കടക്കാം.

രാവിലെ മുതലുള്ള വായിനോട്ടം കാരണവും നീലക്കുറിഞ്ഞി കാണാന്‍ പറ്റാത്തതിന്റെ വിഷമം കാരണവും എല്ലവരും നാല്ല ഉറക്കത്തിലാണ്. നായകന്‍ പക്ഷേ ഉറങ്ങിയില്ല. അവന് എങ്ങനെ ഉറങ്ങാന്‍ പറ്റും? ഒന്നാം വര്‍ഷം ചേര്‍ന്നതു മുതല്‍ മനസ്സില്‍ നായികയോടുള്ള പ്രണയവുമായി നീറി നീറി നടക്കുകയാണ് അവന്‍. ഇന്നിതാ അതു തുറന്നു പറയാന്‍ ഒരു സുവര്‍ണ്ണാവസരം കൈ വന്നിരിക്കുന്നു. നായിക ബസിന്റെ സെക്കന്റ് ലാസ്റ്റ് സീറ്റില്‍ ഒറ്റക്കിരിക്കുന്നു. അടുത്ത സീറ്റ് കാലി! ചുറ്റുമുള്ള എല്ലവരും നല്ല ഉറക്കം. അവന്‍ പതിയെ എഴുന്നേറ്റ് അവളുടെ അടുത്ത സീറ്റില്‍ പോയിരുന്നു. മയക്കത്തില്‍ നിന്നുണര്‍ന്ന് അവള്‍ അവനെ നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു.
“നീനു...” അവന്‍ പതിയെ വളരെ പതിയെ അവളെ വിളിച്ചു.
“എന്തോ...” അവള്‍ പതിയെ ആര്‍ദ്രമായി വിളി കേട്ടു.

“എനിക്ക്...” അവന്‍ മുഴുമിക്കാനാവതെ നിര്‍ത്തി.
“എന്താ..”
“എനിക്ക്...”
“എന്തു പറ്റി ഷാനൂ, എന്താ എന്തെങ്കിലും വിഷമമുണ്ടോ, ബസ് നിര്‍ത്താന്‍ പറയണോ”

“ഇല്ല നീനൂ, ഒന്നുമില്ല. അതല്ല”
“പിന്നെ?”
“കുറെ കാലമായി ഞാന്‍ ഒരു കാര്യം പറയണം എന്നു കരുതി ഇരിക്കുവായിരുന്നു”
“എന്ത് കാര്യം”
“അത് നീനൂ, ഞാന്‍ പറഞ്ഞു വരുന്നത്...”
“പറയ് ഷാനൂ”
“എനിക്ക്...”
“തനിക്ക്???”

“ഞാന്‍ പറയാന്‍ വന്നത്...”
“വന്നത്....????”

“ഞാന്‍ പറയുന്നത് കേട്ട് നീനു എന്നോട് പിണങ്ങരുത്...”
“ഇല്ല..”
“ഞാന്‍ പറയാന്‍ പോകുന്നത് നീനുവുന് ഇഷ്ടമായില്ലെങ്കില്‍ ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് വിചാരിച്ചാല്‍ മതി”
“ശരി. ഷാനു പറയ്”

“ഞാന്‍ പറയാന്‍ വന്നത്...”
“വന്നത്....????”

“ഞാന്‍ പറയാന്‍ പോകുന്ന കാര്യം നീനുവിനെ വിഷമിപ്പിക്കുമോ എന്നെനിക്കറിയില്ല”
“എന്തായാലും നീ പറയ്”

“ഞാന്‍ പറയാന്‍ വന്നത്...”
“വന്നത്....????”

ഇത്രയും ആയപ്പോള്‍ നായകന്‍ മനസ്സില്‍ ഒന്നു കണക്കു കൂട്ടി. എല്ലാ വിധ മുന്‍‌കരുതലുകളും എടുത്തു കഴിഞ്ഞു. ഇനി പറയാം.. അല്ലെങ്കില്‍ വേണ്ട ഒരു വാക്കുകൂടി മുഖവുര പറഞ്ഞേക്കാം. എന്നിട്ട് ഇഷ്ടമാണെന്ന് പറയുന്നതായിരിക്കും നല്ലത്. അവള്‍ക്ക് തന്നോട് മുന്‍പുണ്ടായിരുന്ന ഫ്രണ്ട്ഷിപ്പ് ഒട്ടും കുറയരുത് എന്ന് പറഞ്ഞേക്കാം. അതാണ് സേഫ്. അതു കഴിഞ്ഞിട്ട് പ്രപ്പോസ് ചെയ്യാം.

“നീനു, തനിക്ക് എന്നോട് ഇപ്പോളുള്ള ഈ ഫ്രണ്ട്ഷിപ്പ് ഇതു കൊണ്ട് ഒട്ടും കുറയരുത്..”

അതിനുള്ള മറുപടി നീനു പറഞ്ഞില്ല...
പിന്‍ സീറ്റില്‍ നിന്നും ബുജി തലപൊക്കി നായകനോട് പറഞ്ഞു.
“എടാ മൈ##*... കുറേ നേരമായല്ലോ? ഇന്നെങ്ങാനും നീയിത് പറഞ്ഞു തൊലക്കുമോ? കുറേ നേരമായി ഞാന്‍ നീയിത് ഇപ്പൊ പറയും ഇപ്പോ പറയും എന്നു കരുതിയിരിക്കാന്‍ തുടങ്ങിയിട്ട്.”


........


കഥ തീര്‍ന്നു.....