Monday, April 19, 2010

ഒരു ഐ.ടി. പ്രണയ കാവ്യം

മാത്യുവിനെ നിങ്ങള്‍ അറിയില്ലെ ? ഓ ഇല്ല ഞാന്‍ നിങ്ങളൊട് പറഞ്ഞിട്ടില്ല. മാത്യു എന്റെ ഒരു കൂട്ടുകാരനും സഹവാസിയും ഒക്കെ ആയിരുന്നു. മത്തായി എന്ന് ഞങ്ങളെല്ലാവരും അവനെ വിളിച്ചു. ബാം‌ഗ്ലൂര്‍ നഗരത്തിന്റെ തിരക്കു പിടിച്ച ജീവിതപ്പാച്ചിലുകളില്‍ നിന്നും വേറിട്ടൊരു വ്യക്തിത്വം. ഞാന്‍ പ്ലസ്‌ടു പഠിച്ച വിദ്യാലയത്തില്‍ എന്നേക്കാള്‍ മുന്‍പ് പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥി എന്നൊരു പരിചയം മാത്രമേ ബാം‌ഗ്ലൂരില്‍ ഞാനെത്തിപ്പെട്ടപ്പോള്‍ എനിക്ക് മത്തായിയുമായി ഉണ്ടായിരുന്നുള്ളു. ആ പരിചയം വളര്‍ന്ന് വളര്‍ന്ന് ഞങ്ങള്‍ ഒരു മുറിയിലെ അന്തേവസികളായി തീര്‍ന്നു.

മത്തായി ഒരു വലിയ സോഫ്റ്റ്വെയര്‍ കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഒറ്റനോട്ടത്തില്‍ ഒരു മന്തനാണെന്ന് തോന്നുമെങ്കിലും മത്തായി ബുദ്ധിമാനായിരുന്നു. ബുദ്ധിമാനെന്നു പറഞ്ഞാല്‍ മതിയാകുമോയെന്നറിയില്ല. എന്തായാലും മത്തായി ഓഫീസിലെ എല്ലാവരുടെയും ബഹുമാനത്തിനു പാത്രമായിരുന്നു. മത്തായി എഴുതിപ്പടച്ചു വിട്ട സോഫ്റ്റുവെയറുകളില്‍ മഷിയിട്ടാല്‍ പോലും ഒരു തകരാറു കണ്ടുപിടിക്കാന്‍ കഴിയുമായിരുന്നില്ല. അത്രക്കു സൂക്ഷ്മതയും ശ്രദ്ധയും മത്തായിക്ക് ജോലിയില്‍ ഉണ്ടായിരുന്നു. എല്ലാ ദിവസവും ഞങ്ങളുടെ വാടകവീട്ടില്‍ മത്തായി ഭക്ഷണം പാകം ചെയ്യും, വീട് അടിച്ചു വാരി വൃത്തിയാക്കും, കൃത്യസമയത്ത് എല്ലാ സഹമുറിയന്മാരെയും വിളിച്ച് ഭക്ഷണം കഴിപ്പിക്കും. അങ്ങനെ എല്ലാ ജോലികളും ഒരു പരാതിയും ഇല്ലാതെ ആരെയും ബുദ്ധിമുട്ടിക്കാതെ മത്തായി ചെയ്യുമായിരുന്നു.

ദിവസങ്ങളും മാസങ്ങളും കടന്നു പോയി...ബാംഗ്ലൂരിലെ കോണ്‍ക്രീറ്റ് കൊട്ടാരങ്ങള്‍ക്കു മേല്‍ സാമ്പത്തിക മാന്ദ്യത്തിന്റെ കാര്‍മേഘങ്ങള്‍ പ്രത്യക്ഷപ്പെട്ടു. അത് പലരുടെയും ജീവിതങ്ങളെ ഒന്നാകെ ഗ്രസിച്ചു. മത്തായി ജോലി ചെയ്യുന്ന കമ്പനിയിലും സാമ്പത്തിക മാന്ദ്യം താണ്ഡവ നൃത്തമാടി. പല പ്രൊജക്റ്റുകളും നഷ്ടത്തിലായി. കോസ്റ്റ് കട്ടിങ്ങില്‍ മനം മടുത്ത് പലരും കമ്പനി വിട്ട് പോയി. മത്തായിയോട് പോകരുത് എന്ന് മാനേജ്‌മെന്റ് അപേക്ഷിച്ചു. മത്തായി പോയില്ല എന്നു മാത്രമല്ല ഇനി ശമ്പളം ഒന്നും തന്നില്ലെങ്കില്‍ പോലും താന്‍ ജോലി ചെയ്തോളാം എന്ന് അറിയിച്ചു.

ദൈവമേ ഇത്രയും ശുദ്ധന്മാരായ മനുഷ്യന്മാര്‍ ഈ ലോകത്തുണ്ടാകുമോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു പോയി. ഏതായാലും കുറച്ചുകാലത്തിനുള്ളില്‍ മാന്ദ്യം കെട്ടടങ്ങി. ജീവിതങ്ങള്‍ പഴയപടിയായി.


മത്തായിയുടെ ഓഫീസില്‍ പുതിയ പുതിയ എഞ്ചിനിയര്‍മാര്‍ ജോലിക്കു ചേര്‍ന്നു. ഒരു ദിവസം രാവിലെ മത്തായി അലസമായി കമ്പ്യൂട്ടറില്‍ നോക്കിയിരിക്കവേ, ഒരു നനുത്ത പാദപതന സ്വരം. മത്തായി തല ഉയര്‍ത്തി നോക്കി. ഒരു മാലാഖ....!!! മത്തായിക്ക് ആദ്യത്തെ കാഴ്ചയില്‍ അങ്ങനെയാണ് തോന്നിയത്. ഒരു മാലാഖയുടെ നിഷ്കളങ്കത മുഖത്ത് പരിലസിക്കുന്ന ഒരു സുന്ദരി പെണ്‍കുട്ടി. അത്ഭുതലോകത്ത് എത്തിപ്പെട്ട ആലീസിനേപ്പോലെ അവള്‍ അമ്പരപ്പും പരിഭ്രവും കലര്‍ന്ന കണ്ണുകളോടെ മത്തായിയുടെ അടുത്തു വന്നു.

എക്സ്ക്യൂസ് മി, ക്യാന്‍ ഐ സീ മിസ്റ്റര്‍ ഹിരണ്‍?” അവള്‍ മധുരമാര്‍ന്ന ശബ്ദത്തില്‍ ചെറിയ വിറയലോടെ ചോദിച്ചു.

മത്തായി ചുറ്റും നോക്കി. അപ്പോഴാണ് ആ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ മനുഷ്യ ജീവികളായി അവര്‍ രണ്ടു പേരും മാത്രമേയുള്ളുവെന്ന് അവനു മനസ്സിലായത്. ടെസ്റ്റിങ്ങ് യൂണിറ്റിന്റെ മാനേജരാണ് ഈ ഹിരണ്‍ എന്നു പറയുന്നവന്‍. ഒറ്റയൊരെണ്ണം പോലും സമയത്ത് വരില്ല.

യ്.. യ്‌യ്യാ.. ആക്ച്വലി, ഹീ ഹാസ് നോട്ട് കം യെറ്റ്. ആര്‍ യു എ ന്യൂ എം‌പ്ലോയീ ?”

യെസ് സര്‍, ദിസ് ഈസ് മൈ ഓഫര്‍ ലെറ്റര്‍“

മത്തായി അവള്‍ നീട്ടിയ കടലാസ് വാങ്ങി. അതിന്റെ ആവശ്യം മത്തായിക്കില്ലായിരുന്നു. എങ്കിലും മത്തായി അതു വാങ്ങി.

ഓഹ് യൂ ആര്‍ ഫ്രം കേരള, യൂ ആര്‍ എ മലയളീ ??“

മത്തായി അതു ചോദിച്ചത് അത്യന്തം ആനന്ദത്തോടെയായിരുന്നു.

യെസ് സര്‍” അവള്‍ക്കും ഒരു തെല്ല് അംബരപ്പുണ്ടായിരുന്നു.

ഞാനും” മത്തായി പറഞ്ഞു.

അവളുടെ പേര് അലീന എന്നായിരുന്നു. അലീന ജോസഫ്. ചങ്ങനാശ്ശേരിയിലെ ഒരു അതി പുരാതന കത്തോലിക്കാ കുടുംബത്തിലെ രണ്ടാമത്തെ സന്തതിയായിരുന്നു അവള്‍. ക്യാമ്പസ് റിക്രൂട്ട്മെന്റ് വഴിയാണ് അവള്‍ക്ക് ഈ ജോലി കിട്ടിയത്. ഇവിടെ ടെസ്റ്റിങ്ങ് ഡിപ്പാര്‍ട്ട്മെന്റിലാണ് അവള്‍ക്ക് ജോലി. ടെസ്റ്റിങ്ങ് ഡിപ്പാര്‍ട്ട്മെന്റ് എന്നു പറയുമ്പോള്‍ മത്തായിയേപ്പോലുള്ളവര്‍ ഉണ്ടാക്കി വിടുന്ന സോഫ്റ്റ്വെയറുകള്‍ വിശദമായി ടെസ്റ്റ് ചെയ്ത് അതിലെ തകരാറുകള്‍ കണ്ടു പിടിക്കുന്ന ജോലി.

അന്ന് വൈകുന്നേരം മത്തായി വളരെയധികം സന്തോഷവാനായി കാണപ്പെട്ടു. ഒത്തിരി നിര്‍ബന്ധിച്ചപ്പോള്‍ മത്തായി സത്യങ്ങളെല്ലാം എന്നോട് തുറന്നുപറഞ്ഞു.

ഞാന്‍ പറഞ്ഞിട്ടില്ലെ കര്‍ത്താവ് എനിക്കൊരു സുന്ദരിപ്പെണ്ണിനെ എവിടിയോ സൃഷ്ടിച്ചു വിട്ടിട്ടുണ്ടെന്ന്...” മത്തായിയുടെ കണ്ണുകളില്‍ ആത്മവിശ്വാസം തിളങ്ങി.

ആ പെണ്‍കുട്ടി അതീവ സുന്ദരിയും നിഷ്കളങ്കയും ആയിരിക്കണമേയെന്നും അവള്‍ക്ക് മത്തായിയെ ഇഷ്ടമായിരിക്കണമേയെന്നും ആത്മാര്‍ത്ഥമായി ഞാന്‍ ആഗ്രഹിച്ചു, പ്രാര്‍ത്ഥിച്ചു..

അലീനക്ക് അടുത്ത ദിവസം തന്നെ മാനേജര്‍ ജോലി കൊടുത്തു. മത്തായി ഉണ്ടാക്കിയ ഒരു സോഫ്റ്റ്വെയര്‍ ആയിരുന്നു അവള്‍ക്ക് ആദ്യമായി ടെസ്റ്റ് ചെയ്യാന്‍ കിട്ടിയത്. ആദ്യത്തെ രണ്ടു ദിവസം കഴിഞിട്ടും അവള്‍ക്ക് അതില്‍ പ്രശ്നങ്ങളൊന്നും കണ്ട് പിടിക്കാന്‍ കഴിഞ്ഞില്ല. രണ്ടാം ദിവസം വൈകുന്നേരം അലീനയുടെ മാനേജര്‍ അവളുടെ അടുത്തെത്തി. ഇതു വരെ ഒന്നും കണ്ടുപിടിക്കാന്‍ പറ്റിയില്ല എന്നു കേട്ടതും അയാള്‍ കണ്ണുപൊട്ടുന്ന തെറി അവളെ വിളിച്ചു. അലീനയുടെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ ഇറ്റു വീണു. അതു ആരും കണ്ടില്ല പക്ഷേ മത്തായി കണ്ടു. മത്തായി തന്റെ ഹൃദയം നൂറായി പൊട്ടിച്ചിതറുന്നത് അനുഭവിച്ചറിഞ്ഞു. അന്ന് ആദ്യമായി മത്തായി താന്‍ ഉണ്ടാക്കിയ സോഫ്റ്റ്വെയറിനോട് ദേഷ്യം തോന്നി. താന്‍ കാരണം അവള്‍....

അന്നു വൈകുന്നേരം മത്തായി വളരെയധികം വിഷമത്തോടെയാണ് വീട്ടില്‍ കയറി വന്നത്. രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ മത്തായി ഒരു സ്വപ്നം കണ്ടു. മത്തായി സോഫ്റ്റ്വെയര്‍ കൊണ്ട് ഒരു തൂക്കു മരം ഉണ്ടാക്കി. അതില്‍ അലീനയെ തൂക്കികൊല്ലാന്‍ അവളുടെ മാനേജര്‍ തീരുമാനിക്കുന്നു. മത്തായി എതിര്‍ക്കാന്‍ ശ്രമിക്കുന്നെണ്ടെങ്കിലും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. “സൊഫ്റ്റ്വെയറില്‍ എന്തെങ്കിലും തകാരാറുണ്ടാകണേ, താന്‍ മരിക്കല്ലേ” എന്ന് പ്രാര്‍ത്ഥിക്കുകയാണ് അലീന. മത്തായി ഉറക്കത്തില്‍ നിന്നും ഞെട്ടിയെഴുന്നേറ്റു.

പിറ്റേ ദിവസം ചില കാര്യങ്ങള്‍ തീരുമാനിച്ചുറച്ചാണ് മത്തായി ഓഫീസിലേക്ക് പോയത്. മത്തായി താനുണ്ടാക്കിയ സോഫ്റ്റ്വെയറില്‍ മനപ്പൂര്‍വ്വം തകരാറുകള്‍ ഉണ്ടാക്കി വച്ചു. തന്റെ പിയപ്പെട്ടവള്‍ക്ക് ഇനി ഒരിക്കലും മാനേജരുടെ മുന്‍പില്‍ തലകുനിച്ചു നില്‍ക്കാന്‍ ഇട വരരുത്. സോഫ്റ്റ്വെയറിന്റെ കോഡില്‍ പലയിടത്തും അവന്‍ അനാവശ്യമായി പലതും എഴുതി കയറ്റി.

എന്നിട്ടോ, അലീന അനേകം പ്രശ്നമുള്ള ആ സോഫ്റ്റ്വെയര്‍ ടെസ്റ്റ് ചെയ്റ്റിട്ടും ഒരു പ്രശ്നവും കണ്ടു പിടിക്കാന്‍ പറ്റിയില്ല. മത്തായിക്ക് ദേഷ്യവും സഹതാപവും സ്നേഹവും ഒക്കെ തോന്നി. ഒടുവില്‍ അടുത്താരുമില്ലാത്ത സമയത്ത് മത്തായി അലീനയുടെ അരികിലെത്തി. എങ്ങനെ ടെസ്റ്റ് ചെയ്താല്‍ പ്രശ്നങ്ങള്‍ കണ്ടുപിടിക്കാന്‍ പറ്റുമെന്ന് അവള്‍ക്ക് കാണിച്ചു കൊടുത്തു. അങ്ങനെ അലീന മാനേജരുടെ മുന്‍പില്‍ തല ഉയര്‍ത്തിപ്പിടിച്ച് നിന്നു. മാനേജര്‍ തന്റെ കുടവയറും കുലുക്കി സന്തോഷത്തോടെ നടന്നു പോയി.


കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ മുന്നോട്ട് പോകവെ, കമ്പനി മാനേജ്‌മെന്റ് മത്തായിയുടെ സോഫ്റ്റ്വെയറുകള്‍ക്ക് പഴയതുപോലെ ഗുണനിലവാരമില്ല എന്നു മനസ്സിലാക്കി.. ഒടുവില്‍ മാനേജരുടെ ഇമെയില്‍ മത്തായിയുടെ ഇന്‍ബോക്സില്‍ ധൂമകേതുവായി വന്നു പതിച്ചു. "താങ്കള്‍ക്ക് കമ്പനിയുടെ ഗുണനിലാവാരത്തിനനുസരിച്ച് ജോലി ചെയ്യാന്‍ കഴിയാത്തതിനാല്‍ ദയവായി രാജി സമര്‍പ്പിക്കുക”. ഇതായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. മത്തായി ആദ്യം ഒത്തിരി വേദനിച്ചെങ്കിലും പിന്നിട് ആ യാഥാര്‍ത്യത്തെ ഉള്‍ക്കൊണ്ടു. “ഈ ജോലി പോയാല്‍ ഒരു നൂറു ജോലി എനിക്കു വേറേ കിട്ടും” മത്തായി മനസ്സില്‍ പറഞ്ഞു. അലീനയെ കാണാന്‍ പറ്റില്ല എന്നതു മാത്രമയിരുന്നു മത്തായിയുടെ വിഷമം. ഏതായാലും പോകുന്നതിനു മുന്‍പ് തന്റെ ഇഷ്ടം അവളെ അറിയിക്കണം. മത്തയി തീരുമാനിച്ചു.

അവസാന ദിവസം മത്തായി കഫെറ്റേറിയയില്‍ അവള്‍ക്കു വേണ്ടി കാത്തിരുന്നു.

അലീന ഒരു കാര്യം പറയാനുണ്ടാ‍യിരുന്നു.”

എന്താ ?” അലീന പുഞ്ചിരി തൂകി അവന്റെ മുന്‍പില്‍ നിന്നു.

എനിക്ക് തന്നെ വിവാഹം കഴിച്ചാല്‍ കൊള്ളാമെന്നുണ്ട് “ അവന്‍ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

സീരിയസായിട്ടാണോ പറയുന്നെ?“ അവളുറ്റെ മുഖത്ത് ഗൌരവം പടര്‍ന്നു.

അതെ”

ലുക്ക് മാത്യു, എന്റെ ഭര്‍ത്താവിനേപ്പറ്റി എനിക്ക് ഒരുപാ‍ട് സങ്കല്‍പ്പങ്ങളുണ്ട്. ഒത്തിരി സൌന്ദര്യമൊന്നും ഇല്ലെങ്കിലും അയാള്‍ ഒരു പെര്‍ഫെക്റ്റ് ആയിരിക്കണം എന്നെനിക്ക് നിര്‍ബന്ധമുണ്ട്. മാത്യു ഉണ്ടാക്കിയ സോഫ്റ്റ്വെയര്‍ നോക്കൂ, എത്രമാത്രം പ്രശ്നങ്ങളാണ് അതില്‍. ഒരു ചെറിയ സോഫ്റ്റ്വെയര്‍ പോലും ശരിക്കും ഉണ്ടാക്കാനറിയാത്ത താങ്കളുടെ കൂടെ എന്തു വിശ്വസിച്ചാണ് ഞാന്‍ ജീവിതം തുടങ്ങുക. ഐ ആം സോറി മാത്യു.”

മത്തായിക്ക് ആ വാക്കുകള്‍ താങ്ങാന്‍ കഴിയുന്നതിനും അപ്പുറത്തായിരുന്നു.


അതിനു ശേഷം മത്തായിയെ ആരും കണ്ടിട്ടില്ല. ഞാന്‍ ഒത്തിരി അന്വേഷിച്ചു നടന്നെങ്കിലും അവനെ കണ്ടെത്താന്‍ എനിക്കായില്ല. കൂട്ടുകാരോട് ഒരു വാക്കു പോലും പറയാതെ മത്തായി ഞങ്ങളെ വിട്ട് എങ്ങോട്ടേക്കോ പോയി. ഇന്നും ഞങ്ങള്‍ കാത്തിരിക്കുകയാണ് മത്തായിക്കു വേണ്ടി.

അവന്റെ വീട്ടുകാരും.....

9 comments:

കണ്ണനുണ്ണി said...

ഇത്തിരി ഒക്കെ dramatic ആണെങ്കിലും ..പറഞ്ഞിരിക്കുന്ന ..കുറെ കാര്യങ്ങള്‍ എങ്കിലും
സംഭവിക്കാവുന്നതാണ്..
ഇഷ്ടപ്പെട്ടു

മാത്തൂരാൻ said...

മത്തായിയുടെ കഥ ഇഷ്ടപ്പെട്ടു

ദുശാസ്സനന്‍ said...

ഇത് കൂടി ഒന്ന് വായിച്ചു നോക്ക് --

http://itsmyblogspace.blogspot.com/2010/04/12.html

Captain Haddock said...

ശോ...പാവം!!

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

:)
pavam mathai..

എറക്കാടൻ / Erakkadan said...

വാസ്തവം ആണോ അതോ കഥയോ

jayanEvoor said...

ഐറ്റിയായാലും മെഡിക്കലായാലും,
പോങ്ങന്മാർ എവടെയായാലും പോങ്ങന്മാർ തന്നെ!
(പോങ്ങുമ്മൂടൻ അല്ല!)

നവാസ് കല്ലേരി... said...

കൊള്ളാം
അവതരണം നന്നായി ..

kunnimani said...

ഒത്തിരി വൈകിപ്പോയി, എങ്കിലും അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി