Monday, September 26, 2011

ഹിന്ദിമാഹാത്മ്യം

ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിലും മറ്റ് പല നിലകളിലും ഒരാള്‍ക്ക് ഹിന്ദി അറിയില്ല എന്ന് പറയുന്നത് വല്ലാത്ത പോരായ്മയാണ്. എന്ത് ചെയ്യാം ! അക്കൂട്ടത്തിൽ പെട്ട ഒരുത്തനാണ് ഞാന്‍. പക്ഷെ അതിന്റെ അഹങ്കാരം ഒട്ടില്ല താനും.

ഒരു ഓഫിസ് കാര്യത്തിനു ഹൈദരാബാദ് വന്നപ്പോളാണ് ഹിന്ദിയുടെ മാഹാത്മ്യം ഞാന്‍ ശരിക്കും മനസ്സിലാക്കുന്നത്. വളരെ കുറച്ചു ഹിന്ദി വാക്കുകള്‍ മാത്രമാണ് എന്റെ കൈ വശം ഉള്ളത്. സാലെ , കുത്തേ, കമിനെ മുതലായവയാണ് അവ. പിന്നെ അത്യാവശ്യം ചില വാചകങ്ങളും - ഹിന്ദി മേം ബാദ് കര്‍ണാ ബഹൂത് മുശ്കില്‍ ഹേ, മുജെ ഹിന്ദി മാലൂം നഹീ, അങ്ങനെ അങ്ങനെ... പിന്നെ പത്ത് വരെ എണ്ണാനും അറിയാം.

ഹൈദരാബാദ് എത്തി ഹോട്ടലില്‍ മുറി എടുക്കുന്നത് വരെ ഹിന്ദിയുടെ ഉപദ്രവം കാര്യമായി ഉണ്ടായില്ല, വരുന്ന വഴി ടാക്സി ഡ്രൈവര്‍ ഹൈദരാബാദിന്റെ ചരിത്രവും ഭൂമി ശാസ്ത്രവും ഹിന്ദിയില്‍ വിവരിച്ചു തന്നതൊഴിച്ചാല്‍. വൈകുന്നേരം ഊര് ചുറ്റാന്‍ വേണ്ടി ഞാന്‍ ഒന്നു പുറത്തേക്കിറങ്ങി. നല്ല ദാഹം! നോക്കിയപ്പോള്‍ ഒരു ജൂസ് കട. നേരെ അങ്ങ് കേറി.


"ഏക്‌ മുസംബി ജൂസ്"
കടക്കാരന്‍ ജൂസ് എടുത്തു നീട്ടി. അതു വാങ്ങി കുടിച്ചു കഴിഞ്ഞു ഞാന്‍ അയാളുടെ മുഖത്തേക്ക് നോക്കി.
“പന്ത്രഹ്" അയാള്‍ പറഞ്ഞു.

പന്ത്രഹ് ! ദൈവമേ പന്ത്രഹ് എന്ന് വെച്ചാല്‍ എത്രയാ? എനിക്ക് അറിയവുന്നതായിരുന്നല്ലോ? ശ്ശേ... പണ്ടാരമടങ്ങാന്‍ എത്ര ആലോചിച്ചിട്ടും ഓര്‍മ വരുന്നില്ല.

ഏക് മുസംബി ജൂസ് എന്നു പറയണ്ടായിരുന്നു. വൺ മുസംബി ജൂസ് എന്നു പറഞ്ഞാൽ മതിയാരുന്നു. നാശം! ഇനി അയാളോട് തന്നെ ചോദിക്കുകയേ രക്ഷയുള്ളു.

“പന്ത്രഹ് കിത്തനാ ഹെ?”

ഞാൻ അയാളുടെ തന്തക്കു വിളിച്ചു എന്ന ഭാവത്തിൽ അയാൾ എന്നെ ഒന്നു നോക്കി.

ദൈവമേ ചോദിച്ചതു തെറ്റിയോ? പന്ത്രഹിന്റെ ലിങ്കം മാറിപ്പോയതാണോ പ്രശ്നം? മാറ്റി ചോദിക്കാം.

“പന്ത്രഹ് കിത്തനീ ഹെ?”

അയാൾ ഒന്നും മിണ്ടുന്നില്ല. ചുമ്മാ എന്നെ ഇങ്ങനെ തുറിച്ചു നോക്കുക മാത്രം ചെയ്യുന്നു.

ഇനിയിപ്പോ എന്താ ചെയ്യുക? ഞാൻ മനസിൽ കണക്കു കൂട്ടി. മുസംബി ജൂസിനു ഏകദേശം 20 രൂപാ വരുമായിരിക്കും.

“ട്വന്റീ റുപ്പീസ്?” ഞാൻ ചോദിച്ചു.

അപ്പോ പുള്ളിക്ക് കാര്യം പിടികിട്ടി.

“ഫിഫ്റ്റീൻ റുപ്പീസ്” അയാൾ പറഞ്ഞു.

അയ്യേ! പതിനഞ്ചാരുന്നാ? ഇതെനിക്കറിയവുന്നതായിരുന്നല്ലോ? ശ്ശെ നാണക്കേടായി പോയി.
സാരമില്ല. പോട്ടെ. ഞാൻ കൊടുത്ത ഇരുപതു രൂപാ വാങ്ങി അഞ്ച് രൂപാ ബാക്കി തരുമ്പോൾ ലോകോത്തര പുച്ഛം ഞാനയാളുടെ മുഖത്തു കണ്ടു.

അപ്പോൾപണ്ട് ഹിന്ദി ടീച്ചർ ചോദ്യം ചോദിക്കുന്നതിന്റെ ഭാഗമായി എന്റെ അടുത്ത് വന്നത് ഞാൻ ഓർത്തു.

“ഖരം എന്നതിന്റെ വിപരീത പദം പറയൂ അനീഷ്“

“ദ്രാവകം....!! ആണൊ?.... അല്ലേ?..... ”

“ഗെറ്റ് ഔട്ട്.......”


പിന്നീടൊരിക്കൽ ഹിന്ദി പരീക്ഷയുടെ പേപ്പർ വിതരണം ചെയ്ത സംഭവവും ഞാൻ ഓർത്തു.
ടീച്ചർ ഓരോരുത്തരുടെയായി പേരു വിളിക്കുകയാണ്. കുറച്ച് പേരുടെ പേപ്പറുകൾ കെടുത്ത് ശേഷം ടീച്ചർ അടുത്തയാളുടെ പേരു വിളിച്ചു.
“ഉനീഷ്...”
ക്ലാസ് ആകെ നിശബ്ദമായി. ഇതാരാ പുതിയ കുട്ടി? എല്ലവരും മുഖത്തോട് മുഖം നോക്കി. എവിടെയോ നോക്കിയിരിക്കുകയായിരുന്ന എന്റെ മുൻപിൽ വന്ന് ടീച്ചർ പേപ്പർ ഡെസ്കിലേക്ക് ഒരേറ് എറിഞ്ഞു. “അ” ഹിന്ദിയിൽ എഴുതിയപ്പോൾ രണ്ട് ചെറിയ വര വിട്ടു പോയതിനാണ്!! അത് ടീച്ചർക്കങ്ങ് ഇട്ടാൽ പോരെ?.

പാവം ഹിന്ദി ടീച്ചർ, ഞാൻ ഒരുപാട് കഷ്ടപ്പെടുത്തി. ഇപ്പോൾ ഓർക്കുമ്പോൾ വല്ലാത്ത കുറ്റബോധം.. എല്ലാത്തിനും മാപ്പു ടീച്ചർ, മാപ്പ്!

രാത്രി റൂമിൽ വന്ന് സമസ്താപരാധങ്ങൾക്കും പ്രാശ്ചിത്തമായി മുന്നാ ഭായി MBBS സബ്ടൈറ്റിൽ ഇട്ടു കണ്ട് സുഖമായി കിടന്നുറങ്ങി.

പിറ്റേ ദിവസം ജി. ഇ. എന്ന കമ്പനി സന്ദർശിക്കാൻ ഞാൻ ഒരുങ്ങി കെട്ടിയിറങ്ങി. ഓട്ടോയിൽ കയറി ഞാൻ ഡ്രൈവറോഡു പറഞ്ഞു. “ഹൈ ടെക്ക് സിറ്റി, സൈബർ പേൾ ബിൽഡിങ്ങ്”. ഒരു വാക്കു പോലും ഹിന്ദിയിൽ ഉച്ചരിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. ഇനി അയാൾ ഹിന്ദി പറഞ്ഞാലും വേണ്ടില്ല, ഞാൻ താമസിക്കുന്ന ഹോട്ടലിൽ നിന്ന് ഹൈടെക് സിറ്റി വരെ 40 രൂപയേ ഉള്ളുവെന്നും, അതിനു ചാലീസ് എന്നാണു പറയുന്നത് എന്നും ഞാൻ എന്റെ സുഹൃത്തിനോടു ചോദിച്ചു മനസ്സില്ലാക്കി വെച്ചിട്ടുണ്ടായിരുന്നു.
സ്ഥലത്തെത്തിയപ്പോൾ ഓട്ടോ ഡ്രൈവർ എന്നോട് പറഞ്ഞു
“തീസ്”
അതു കൊള്ളാം.. നയാ പൈസ ഞാൻ കൂടുതൽ തരില്ല.
“ചാലീസ് ഒൺലി” ഞാൻ വിട്ടുകൊടുത്തില്ല.
“തീസ് സാർ” അയാൾ വീണ്ടും പറഞ്ഞു.
“ചാലീസ് വേണെങ്കിൽ എടുത്തോണ്ട് പോടോ.” മലയാളം അറിയാത്ത കണ്ട്രി ഫെല്ലോ. ഞാൻ 40 രൂപാ അയാൾക്ക് കൊടുത്ത് തിരിഞ്ഞു നോക്കാതെ സ്ഥലം വിട്ടു.


(ഒടുവിലത്തെ സംഭവം ഒഴിച്ച് ബാക്കിയെല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചതാണ്. ഒടുവിലത്തേത് എന്റെ കൂട്ടുകാരൻ പറഞ്ഞ കഥയും. അതിന് സുഹൃത്തായ അതുൽജിത്തിനോടുള്ള കടപ്പാട് ഞാൻ രേഖപ്പെടുത്തുന്നു.)

7 comments:

Rajeev Daniel said...

നിന്റെ ഹിന്ദിയോടുള്ള പുച്ഛം മാറ്റാന്‍ ദൈവം കൊണ്ടിട്ടതാടാ നിന്നെ ഈ തെലങ്കാനാ ബന്ദിന്റെ സമയത്ത് അവിടെ. ഇപ്പൊ മനസ്സിലായില്ലേ കേരളവും തമിഴ് നാടും ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ ഇപ്പോളും രാഷ്ട്ര ഭാഷ ഹിന്ദി ആണെന്ന്.

MoonEazy said...

vaayikyaan nalla rasamund, enthayaalum....

Makal said...

നീ ഈ പറഞ്ഞതിലെ പകുതി നര്‍മ്മം എനിക്കു മനസിലായില്ല.. ഹിന്ദിയില്‍.. ഞാന്‍ നിന്നേക്കാളും മോശമാനണു മോനേ.. വിഷമിക്കണ്ട..

Siva said...

Narmathil pothinja oru sathyam .Alle..
Kollam ishtappettu

മുക്കുവന്‍ said...

national or international.. I cant understand much in hindi. without knowing hindi, dont think about going to northern states....

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആദ്യമായി മധ്യപ്രദേശില്‍ താമസിക്കുവാനായി എത്തിയകാലം
തണുപ്പുകാലമാണ്‌. തണുപ്പില്‍ നിന്നും രക്ഷ നേടാന്‍ രജായി വേണം
ഒരെണ്ണം ഉണ്ടാക്കുവാന്‍ കടയില്‍ പോയി. കവര്‍ തുണി വാങ്ങി

പഞ്ഞിക്കടയില്‍ ചെന്നു പഞ്ഞിക്കു വിലചോദിച്ചപ്പോള്‍ ഒരു പേടി കാശു തികയുമോ?

എത്ര കിലോ പഞ്ഞി വേണ്ടി വരും ഒരു രജായിക്ക്‌

"അഠായി"
ഞാന്‍ ഞെട്ടിപ്പോയി അങ്ങനൊരു സൂത്രം ആദ്യമായി കേള്‍ക്കുന്നു.

അഠായീസ്‌ 28 ആണെന്നറിയാം അപ്പൊ 28 കിലോ പഞ്ഞിയോ ഒരു രജായിക്ക്‌ ?
അവന്റെ വായില്‍ നിന്നും അവസാനത്ത്‌ 'സ്‌" വന്നില്ലെന്നാ ഞാന്‍ കരുതിയത്‌

പിന്നെയും പിന്നെയും ചോദിച്ചിട്ടും അഠായി ന്നു കേട്ടപ്പൊഴൊ

എന്റെ കയ്യിലുള്ള കാശ്‌ കൂടി വന്നാല്‍ ഒരു മൂന്നു കിലോ പഞ്ഞിക്കുള്ളതുണ്ട്‌.

അന്നു ഞാന്‍ ചോദിച്ച ചോദ്യം കേട്ടു കടക്കാരന്‍ അറഞ്ഞു ചിരിച്ചു

"യെ അഠായി ദസ്‌ സെ കം ഹെ ജ്യാദാ ഹെ""

പിന്നീടല്ലെ എന്റെ ഡ്രൈവര്‍ വന്നു സഹായിച്ചത്‌ ഡേഢ്‌ (ഒന്നര), ഠായി (രണ്ടര) ഇതൊക്കെ അവന്‍ പഠിപ്പിച്ചു തന്നു

അക്കഥയൊക്കെ ഓര്‍മിപ്പിച്ചു നന്ദി

kunnimani said...

അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി....